
ദോഹ: സമൂഹത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമായി 'ഥാനി ബിൻ അബ്ദുള്ള ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസസ്' പുതിയ കാമ്പെയ്ൻ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന അനുഗൃഹീതവും പുണ്യപൂർണ്ണവുമായ (ദുൽഹജ്ജ്) പത്തുദിനങ്ങളെ ലക്ഷ്യമിട്ട് “മൾട്ടിപ്ലൈ ഇറ്റ് ഇൻ ദ ടെൻ ഡേയ്സ്” (പത്തുദിനങ്ങളിൽ പത്തിരട്ടിയാക്കുക) എന്ന മുദ്രാവാക്യത്തോടെയാണ് കാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്.
സമൂഹത്തിലെ ദുർബലവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും, അടിയന്തര സഹായം ആവശ്യമുള്ളവർക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഉപകാരപ്പെടുന്നതുമായ ഒരു കൂട്ടം പദ്ധതികളാണ് ഈ കാമ്പെയ്നിലൂടെ നടപ്പിലാക്കുന്നത്.
ദീർഘകാല ശാക്തീകരണമാണ് ലക്ഷ്യം: ഇബ്രാഹിം അലി അബ്ദുള്ള
പുണ്യദിനങ്ങളുടെ തുടക്കത്തിൽ ഈ കാമ്പെയ്ൻ പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഥാനി ഫൗണ്ടേഷൻ മാർക്കറ്റിംഗ് ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ് ഡെപ്യൂട്ടി സി.ഇ.ഒ മിസ്റ്റർ ഇബ്രാഹിം അലി അബ്ദുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"ദൈവം ഏറെ പവിത്രമാക്കിയ ദിനങ്ങളാണിത്. ഈ സമയത്ത് ചെയ്യുന്ന സൽപ്രവൃത്തികൾക്ക് പ്രതിഫലം ഇരട്ടിയായിരിക്കും. പരമ്പരാഗതമായ താൽക്കാലിക സഹായങ്ങൾക്കപ്പുറം, സ്വീകർത്താക്കളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന 'സുസ്ഥിര മാനവ വികസനമാണ്' (Human Development) ഞങ്ങളുടെ ലക്ഷ്യം. രോഗിയുടെ ചികിത്സ, കടബാധ്യതയുള്ളവരുടെ മോചനം, അശരണരായ കുടുംബങ്ങൾക്ക് തണലൊരുക്കൽ എന്നിവയിലെല്ലാം സമൂഹം സജീവമായി പങ്കാളികളാകുമെന്ന്
ഇബ്രാഹിം അലി അബ്ദുള്ളപറഞ്ഞു.മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ഈ കാമ്പെയ്ൻ വിജയമാക്കാൻ കൈകോർക്കണമെന്നും, തങ്ങൾ നൽകുന്ന ചെറിയ സംഭാവനകൾ പോലും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ ഓർമ്മിപ്പിച്ചു. തങ്ങളുടെ ഔദ്യോഗിക ചാനലുകൾ വഴി പൊതുജനങ്ങൾക്ക് ഈ കാമ്പെയ്നിലേക്ക് സംഭാവനകൾ നൽകാമെന്ന് അധികൃതർ അറിയിച്ചു.










